Home Crime ട്രെയിനിലെ വെടിവയ്പ്: പ്രകോപനത്തിന് കാരണം അവധി നിഷേധിച്ചതെന്ന് എഫ്ഐആർ

ട്രെയിനിലെ വെടിവയ്പ്: പ്രകോപനത്തിന് കാരണം അവധി നിഷേധിച്ചതെന്ന് എഫ്ഐആർ

0
ട്രെയിനിലെ വെടിവയ്പ്: പ്രകോപനത്തിന് കാരണം അവധി നിഷേധിച്ചതെന്ന് എഫ്ഐആർ

[ad_1]

മുംബൈ ∙ ജയ്പുർ– മുംബൈ ട്രെയിനിലെ സുരക്ഷാ ഡ്യൂട്ടിക്കിടെ ആർപിഎഫ് (റെയിൽവേ സുരക്ഷാ സേന) കോൺസ്റ്റബിളായ ചേതൻ സിങ് മേലുദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേരെ വെടിവച്ചുകൊല്ലാൻ കാരണം അവധി നിഷേധിക്കപ്പെട്ടതിലുള്ള അസ്വസ്ഥതയെന്നു എഫ്ഐആർ. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ചേതൻ സിങ്ങിനെ ഇൗ മാസം 7 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യംചെയ്യൽ തുടരുകയാണ്.

ചേതൻ സിങ്ങിന്റെ മാനസികനില എങ്ങനെയാണെന്നത് പരിശോധിച്ച് ഉറപ്പിക്കേണ്ടതുണ്ടെന്ന് കേസ് അന്വേഷിക്കുന്ന റെയിൽവേ പൊലീസ് കോടതിയെ അറിയിച്ചു. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ആരുടെയെങ്കിലും പ്രേരണയെ തുടർന്നാണോ വെടിവയ്പ് നടത്തിയതെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

കൊലപാതകങ്ങൾ നടത്തിയ ശേഷം ചേതൻ സിങ് മൃതദേഹത്തിനു സമീപം നിന്ന് പാക്കിസ്ഥാനെ എതിർത്തും മോദി, യോഗി, താക്കറെ എന്നിവരെ പിന്തുണച്ചും സംസാരിക്കുന്ന തരത്തിലുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതേക്കുറിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ട്രെയിനിൽ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട നാലംഗ ആർപിഎഫ് സംഘത്തിനു നേതൃത്വം നൽകിയിരുന്ന എഎസ്ഐ ടിക്കാറാം മീണയെയും മൂന്നു യാത്രക്കാരെയും തിങ്കളാഴ്ച പുലർച്ചെയാണ് ചേതൻ സിങ് വെടിവച്ചു കൊലപ്പെടുത്തിയത്. ആർപിഎഫ് സംഘത്തിലുണ്ടായിരുന്ന കോൺസ്റ്റബിൾ അമയ് ആചാര്യ ബോറിവ്‌ലി റെയിൽവേ പൊലീസിനു നൽകിയ മൊഴിയിലാണ് അവധി ആവശ്യം നിഷേധിക്കപ്പെട്ടതാണ് പ്രകോപനത്തിനു കാരണമായതെന്ന വിവരമുള്ളത്.

‘ക്ഷീണിതനാണെന്നും അവധി വേണമെന്നും ഞങ്ങളുടെ സംഘത്തിന്റെ തലവനായിരുന്ന ടിക്കാറാം മീണയോട് തിങ്കളാഴ്ച പുലർച്ചെ ഡ്യൂട്ടിക്കിടെ ചേതൻ സിങ് പറഞ്ഞു. ഞങ്ങൾ ദേഹത്ത് തൊട്ടുനോക്കിയപ്പോൾ പനിയോ ചൂടോ തോന്നിയില്ല. മൂന്നു മണിക്കൂർ കൊണ്ട് മുംബൈയിലെത്തുമെന്നും തുടർന്നു വിശ്രമിക്കാമെന്നും പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാൻ ടിക്കാറാം മീണ പരമാവധി ശ്രമിച്ചു.

എന്നാൽ, അവധി വേണമെന്ന ആവശ്യത്തിൽ ചേതൻ ഉറച്ചുനിന്നു. തുടർന്ന് മുംബൈ സെൻട്രൽ സ്റ്റേഷനിലെ കൺട്രോൾ റൂമിൽ മീണ ഇൗ വിവരം വിളിച്ചറിയിച്ചു. മേലുദ്യോഗസ്ഥരെ ഫോണിൽ വിളിച്ചും വിവരങ്ങൾ പറഞ്ഞു. അതിനു ശേഷമാണ് വെടിവയ്പുണ്ടായത്’– അമയ് ആചാര്യ മൊഴി നൽകി.

റെയിൽവേ അന്വേഷണം തുടങ്ങി

സംഭവത്തെക്കുറിച്ച് റെയിൽവേ ബോർഡ് നിയോഗിച്ച അഞ്ചംഗ സംഘം അന്വേഷണം ആരംഭിച്ചു. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

[adinserter block=”4″]

[ad_2]

Source link

LEAVE A REPLY

Please enter your comment!
Please enter your name here